ചിലരുടെ ഓർമ്മകൾ പെട്ടെന്നൊന്നും മനസ്സിൽ നിന്നും മാഞ്ഞുപോകുകയില്ല. അതിൽ ഒരാളായിരുന്നു ജസി എന്ന് പറയുന്നതിനേക്കാൾ എനിക്ക് ഇഷ്ടം അതിൽ ആദ്യം മനസിൽ വരുന്ന മുഖം ജസിയുടെതാണെന്ന് പറയാനാണ്.
പത്താംക്ലാസ് കഴിഞ്ഞതിൽ പിന്നെ ജെസിയെ അപ്രതീക്ഷിതമായി ഞാൻ കാണുന്നത് വർഷങ്ങൾക്ക് ശേഷം ഒരു ബസ് സ്റ്റോപ്പിൽ വച്ചാണ്. അന്ന് അവിടെവച്ച് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾ എനിക്കായി ഒരു പുഞ്ചിരി കാത്തു സൂക്ഷിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മറന്നിട്ടില്ലെന്ന് പറയാൻ അവൾക്ക് ആ ചിരിതന്നെ മതിയായിരുന്നു.
വർഷങ്ങൾ കടന്നുപോയി, ഋതുക്കൾ മാറിമറിഞ്ഞു, പലവട്ടം ആ വഴി പോയെങ്കിലും പിന്നീടൊരിക്കലും ജസിയെ ഞാൻ കണ്ടിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ ഒരാൾ തീർച്ചയായും ഉണ്ടാകും. ഒരു ആയുസ്സ് മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ തന്നിട്ടുപോവുന്നവർ.








